Kerala
കോട്ടയം: തന്റെ പേര് മന്ത്രി സ്ഥാനത്തേക്ക് വലിച്ചിഴച്ചുവെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. താൻ എന്നും കോണ്ഗ്രസുകാരനാണ്. എന്നും അങ്ങനെയായിരിക്കും.
മുഖ്യമന്ത്രി, ഗവര്ണര് കഴിഞ്ഞാലുള്ള സ്ഥാനമാണ് സ്പീക്കര്ക്ക്. അതാണ് കോട്ടയത്തിനു ലഭിച്ചിരിക്കുന്നത്.
കോട്ടയത്തിനു യുഡിഎഫിന് മന്ത്രിയുണ്ട്. ഞങ്ങള് ടീമായിട്ടാണു പ്രവര്ത്തിക്കുന്നത്. തനിക്ക് മാധ്യമ പരിലാളന ലഭിച്ചിട്ടില്ലെന്നും ചാണ്ടി പറഞ്ഞു.
Kerala
കൊച്ചി: മുഖ്യമന്ത്രി വി.ഡി.സതീശന്റെ സത്യപ്രതിജ്ഞയിലെ ജാതിപ്പേര് പരാമർശത്തെ പരോക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് ജിന്റോ ജോൺ. സത്യപ്രതിജ്ഞാ ചടങ്ങിൽ വടശേരി ദാമോദര മേനോൻ സതീശനെന്ന് മുഖ്യമന്ത്രി പറഞ്ഞതിനെ ട്രോളിയാണ് ജിന്റോ ഫേസ്ബുക്കിൽ പോസ്റ്റിട്ടത്.
വൻ പേരും പഞ്ചും നോക്കുന്നതിനേക്കാൾ ജാതിവാലുകൾ ചുമക്കാത്ത കോൺഗ്രസ് ആകുന്നതാണ് കുറേക്കൂടി ഇൻക്ലൂസീവെന്ന് അദ്ദേഹം കുറിച്ചു. വലിയ പേരുകളെക്കാൾ ലളിതവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ രാഷ്ട്രീയമാണ് തനിക്ക് പ്രിയമെന്ന് അദ്ദേഹം വ്യക്തമാക്കി. സ്വന്തം പേര് ഉദാഹരിച്ചായിരുന്നു ജിന്റോയുടെ പോസ്റ്റ്.
തേക്കുംകാട്ടിൽ ജോൺ റോമൻ കാത്തലിക് ജിന്റോ എന്നല്ല, ജിന്റോ ജോൺ. അത് മതി. അങ്ങനെ അറിയപ്പെട്ടാൽ മതി. അതല്ലേ അതിന്റെ ഒരു ബ്യൂട്ടിയെന്നും അദ്ദേഹം പറഞ്ഞു. തന്റെ രാഷ്ട്രീയം സ്വന്തം ബോധ്യങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണ്.
അതിൽ അൽപ്പം ഇടതുപക്ഷ ആഭിമുഖ്യമുള്ള കോൺഗ്രസ് ബോധ്യമാണ് താൻ മുന്നോട്ട് വെക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ പരോക്ഷ വിമർശനം സോഷ്യൽ മീഡിയായിലും രാഷ്ട്രീയ വൃത്തങ്ങളിലും വലിയ ചർച്ചകൾക്ക് വഴിതുറന്നിട്ടുണ്ട്.
National
പട്ന: ബിഹാറിലെ പ്രശസ്തമായ പാറ്റ്ന മൃഗശാലയിൽനിന്നും ഡെയറി ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നും മുൻ കോൺഗ്രസ് നേതാവ് സഞ്ജയ് ഗാന്ധിയുടെ പേര് ഒഴിവാക്കി ബിജെപി നേതൃത്വം നൽകുന്ന സംസ്ഥാന സർക്കാർ ഉത്തരവിറക്കി.
മുഖ്യമന്ത്രി സമ്രാട്ട് ചൗധരിയുടെ അധ്യക്ഷതയിൽ ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ചുള്ള തീരുമാനമുണ്ടായത്.
പുതിയ ഉത്തരവുപ്രകാരം സഞ്ജയ് ഗാന്ധി ബയോളജിക്കൽ പാർക്കെന്നത് പാറ്റ്ന സൂ എന്നും സഞ്ജയ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എന്നത് ബിഹാർ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെയറി ടെക്നോളജി എന്നും അറിയപ്പെടും.
1973-ൽ സ്ഥാപിതമായ പാറ്റ്ന മൃഗശാലയുടെ പേരു പിന്നീട് മുൻപ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ മകൻ സഞ്ജയ് ഗാന്ധിയുടെ സ്മാരാണാർഥം പുനർനാമകരണം ചെയ്യുകയായിരുന്നു.
153 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ഈ മൃഗശാലയിൽ 110-ഇനങ്ങളിലായി എണ്ണൂറിലധികം മൃഗങ്ങളുണ്ട്. പാറ്റ്നയിലെ ഡയറി ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ട് 1980-ലാണ് സ്ഥാപിതമായത്.
Kerala
കൊച്ചി: തൃപ്പൂണിത്തുറയിലെ എൻഡിഎ സ്ഥാനാർഥിയുടെ പേര് മാറ്റാൻ സാധിക്കില്ല. അഞ്ജലി പി.വി. എന്ന പേര് തന്നെയായിരിക്കും ബാലറ്റിൽ തുടരുക. അഞ്ജലി നായർ എന്ന് മാറ്റണമെന്നായിരുന്നു ആവശ്യം.
പോസ്റ്റൽ വോട്ടും ഹോം വോട്ടും പ്രിന്റ് ചെയ്തതിനുശേഷമാണ് പരാതി നൽകിയത്. അതിനാൽ മാറ്റാൻ കഴിയില്ല എന്ന് വരണാധികാരി അറിയിച്ചു.
ബാലറ്റിലെ അഞ്ജലി പി.വി. എന്ന പേര് അഞ്ജലി നായർ എന്നാക്കി മാറ്റണമെന്ന് ആവശ്യപ്പെട്ട് സ്ഥാനാർഥി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതി അനുകൂലമായ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.
ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന് ഹിയറിംഗ് നടത്തിയെങ്കിലും വരണാധികാരി ആവശ്യം തള്ളുകയാണുണ്ടായത്. അഞ്ജലി നായർ എന്ന് പേര് പുതുക്കണമെന്ന ആവശ്യം വരണാധികാരി അംഗീകരിച്ചില്ല.
District News
അടൂർ: റേഷൻ കാർഡിൽ നിന്ന് പേര് നീക്കം ചെയ്തതിനു പിന്നാലെ ജില്ലാ പഞ്ചായത്ത് ആരോഗ്യം, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് വോട്ടേഴ്സ് ലിസ്റ്റിൽ നിന്നും നീക്കം ചെയ്യും. ഇതു സംബന്ധിച്ച് അടൂർ ആർഡിഒയുടെ ഉത്തരവ് പുറത്തുവന്നു.
എന്നാൽ കേരള നിയമസഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തു വന്ന സാഹചര്യത്തിൽ അതിലുൾപ്പെട്ട ഒരാളുടെയും വോട്ട് നിഷേധിക്കുവാൻ സാധിക്കില്ല എന്ന കാരണത്താൽ ശ്രീനാ ദേവിയെ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ വോട്ടർപട്ടികയിൽ നിന്നു വെട്ടിനീക്കാനാകില്ല.
തെരഞ്ഞെടുപ്പ് കഴിഞ്ഞതിനുശേഷം വോട്ടർ പട്ടികയിൽ നിന്ന് അവരെ ഒഴിവാക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. ഏറത്ത് ഗ്രാമപഞ്ചായത്തിലെ മണക്കാല കൊല്ലശ്ശേരിൽ വീട്ടിൽ പരേതയായ യശോദയുടെ വീടിന്റെ പേരിലുള്ള റേഷൻ കാർഡിലാണ് ശ്രീനാദേവിയുടെ പേര് ഉൾപ്പെട്ടത്. ഈ റേഷൻ കാർഡ് ഉപയോഗിച്ചാണ് ശ്രീനാദേവി കുഞ്ഞമ്മയുടെ തെരഞ്ഞെടുപ്പ് രേഖകളും ഉണ്ടായിരുന്നത്.
തന്റെ വീട്ടിലെ വോട്ടർ പട്ടികയിൽ നിന്ന് ശ്രീനാദേവിയെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യശോദയുടെ മക്കളിൽ ഒരാളായ ശ്രീജിത്ത് എസ്.പിള്ള അടൂർ ആർഡിഒയ്ക്ക് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ചൊവ്വാഴ്ചയാണ് അടൂർ ആർഡിഒ ഉത്തരവ് പുറപ്പെടുവിച്ചത്. ശ്രീനാദേവി കുഞ്ഞമ്മ പ്രസ്തുത മേൽവിലാസത്തിൽ താമസക്കാരി അല്ലെന്നും ശ്രീനാദേവി പരാതിക്കാരൻ പറയുന്ന വീട്ടിലെ താമസക്കാരി അല്ലെന്നും ബോധ്യമായി.
കൂടാതെ ആ വീട്ടിലെ താമസക്കാരിയാണ് എന്ന് തെളിയിക്കാനായി രേഖകൾ ഹാജരാക്കാൻ അവസരം നൽകിയിരുന്നു. എന്നാൽ ഒരു തരത്തിലുമുള്ള രേഖകളോ തെളിവുകളോ സമർപ്പിക്കാനായില്ലെന്ന് ഉത്തരവിൽ പറയുന്നു. ഈ സാഹചര്യത്തിൽ ഫോം ഏഴ് പ്രകാരം ശ്രീനാദേവിയുടെ പേര് അടൂർ നിയോജകമണ്ഡലത്തിലെ 189-ാം നമ്പർ പോളിംഗ് ബൂത്തിലെ വോട്ടർ പട്ടികയിൽ നിന്നും നീക്കം ചെയ്യുന്നതായിട്ടാണ് ആർഡിഒയുടെ ഉത്തരവിൽ പറയുന്നത്.
ഒരാഴ്ച മുൻപാണ് ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് സപ്ലൈ ഓഫീസർ ഉൾപ്പെട്ട റേഷൻ കാർഡ് റദ്ദാക്കിയത്. കാർഡിൽ പേരു ചേർത്തത് തെറ്റായ വിവരങ്ങൾ ഉൾപ്പെടുത്തിയാണെന്ന കാർഡുടമയുടെ മക്കളുടെ പരാതിയിലായിരുന്നു സപ്ലൈ ഓഫീസറുടെ നടപടി. കാർഡുടമയുടെ ഭർതൃസഹോദരിയുടെ മകൾ എന്ന നിലയിലാണ് ശ്രീനാദേവിയുടെ പേരു ചേർത്തതെന്നും എന്നാൽ കാർഡുടമയ്ക്ക് ഭർതൃസഹോദരിയോ മകളോ ഇല്ലെന്നുമായിരുന്നു പരാതി.
2020-ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഐ സ്ഥാനാർഥിയായാണ് ശ്രീനാദേവി പള്ളിക്കൽ ഡിവിഷനിൽ നിന്ന് ജില്ലാ പഞ്ചായത്തിലേക്ക് ആദ്യമായി മത്സരിച്ചു വിജയിച്ചത്. ഇതിനു ശേഷം സിപിഐയിൽ ഉണ്ടായ ചില അസ്വാരസ്യം കാരണം പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നു.
തുടർന്ന് 2025ൽ നടന്ന ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പള്ളിക്കൽ ഡിവിഷനിൽ തന്നെ സ്ഥാനാർഥിയായി മത്സരിക്കുകയും ജയിക്കുകയും ചെയ്തു. കഴിഞ്ഞ ജനുവരിയിലാണ് ശ്രീനാദേവിക്കെതിരേ ആദ്യ പരാതി സപ്ലൈ ഓഫീസർക്ക് മുൻപിൽ എത്തുന്നത്. ഡിസംബറിൽ എസ്ഐആർ വിവരങ്ങൾ പരിശോധിച്ചപ്പോഴാണ് ശ്രീനാദേവിയുടെ പേര് റേഷൻ കാർഡിലുള്ളതായി അറിയാന് കഴിഞ്ഞതെന്നാണ് പരാതിക്കാർ പറയുന്നത്.
അപ്പീൽ നൽകുമെന്ന് ശ്രീനാദേവി
പത്തനംതിട്ട: വോട്ടർപട്ടികയിൽ നിന്ന് തന്റെ പേരു നീക്കം ചെയ്യാനുള്ള നടപടിക്കെതിരേ ജില്ലാ കളക്ടർക്ക് അപ്പീൽ നൽകുമെന്ന് ശ്രീനാദേവി പറഞ്ഞു. വേണ്ടിവന്നാൽ കോടതിയെ സമീപിക്കും. ജില്ലാ പഞ്ചായത്തംഗം സ്ഥാനത്തു അയോഗ്യയാക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്.
രാഷ്ട്രീയ പ്രേരിതമാണ് ഇത്തരം നടപടികളെന്നും ശ്രീനാദേവി പറഞ്ഞു.
ശ്രീനാദേവിക്കെതിരായ നീക്കം അധികാര ധാര്ഷ്ട്യം: ഡിസിസി
പത്തനംതിട്ട: സിപിഐയിൽ നിന്നും രാജിവച്ച് കോൺഗ്രസിൽ ചേർന്നതിന്റെ പേരിൽ ജില്ലാ പഞ്ചായത്ത് സ്റ്റാന്ഡിംഗ് കമ്മിറ്റി ചെയര്പേഴ്സണ് ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരേ അധികാര കേന്ദ്രങ്ങളെ ഉപയോഗിച്ച് എൽഡിഎഫ് പ്രതികാരം ചെയ്യുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു.
ശ്രീനാദേവിയുടെ റേഷന് കാര്ഡിലെ പേര് നിയമവിരുദ്ധമായി വെട്ടി നീക്കിയ നടപടി അങ്ങേയറ്റം പ്രതിഷേധാര്ഹവും ധാര്ഷ്ട്യവും നിറഞ്ഞതാണ്. ആറു വര്ഷമായി സ്ഥിരതാമസമാക്കിയിരുന്ന വീട്ടിലെ മേല്വിലാസത്തിലാണ് റേഷന് കാര്ഡില് ശ്രീനാദേവിയുടെ പേര് ഉണ്ടായിരുന്നത്. റേഷൻ കാർഡിൽ നിന്ന് അനധികൃതമായി പേര് നീക്കുന്നത് വോട്ടര്പട്ടികയില് നിന്ന് പേര് വെട്ടി മാറ്റാനുള്ള നീക്കത്തിന് മുന്നോടിയാണെന്നും ഇതുവഴി അവരുടെ ജില്ലാ പഞ്ചായത്ത് അംഗത്വം നഷ്ടപ്പെടുത്തുന്നതിനുള്ള ഗൂഢാലോചനയാണ് ഭരണപക്ഷം നടത്തുന്നതെന്നും ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പില് ആരോപിച്ചു.
നേതാക്കളുടെ അഴിമതി ചൂണ്ടിക്കാട്ടി സിപിഐയിൽ നിന്ന് രാജിവച്ച് കോണ്ഗ്രസിൽ ചേര്ന്ന ശ്രീനാദേവിക്കെതിരായ നീക്കങ്ങളെ എന്തു വിലകൊടുത്തും ചെറുക്കുമെന്നുംനിയമ പോരാട്ടങ്ങള്ക്ക് എല്ലാവിധ പിന്തുണയും നല്കുമെന്നും ഡിസിസി പ്രസിഡന്റ് വ്യക്തമാക്കി.
Kerala
പത്തനംതിട്ട: പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗവും കോൺഗ്രസ് നേതാവുമായ ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് വോട്ടർ പട്ടികയിൽ നിന്നും വെട്ടി. അടൂർ ആർഡിഒയുടെതാണ് നടപടി. വ്യാജരേഖ ചമച്ച് റേഷൻ കാർഡിൽ പേര് ചേർത്തെന്ന പരാതിയിൽ സപ്ലൈ ഓഫീസർ റേഷൻ കാർഡ് റദ്ദാക്കിയിരുന്നു.
തുടർന്ന് ഇതേ പരാതിക്കാരൻ നൽകിയ പരാതിയിലാണ് വോട്ടർ പട്ടികയിൽ നിന്ന് ഇപ്പോൾ ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് നീക്കം ചെയ്തിരിക്കുന്നത്. റദ്ദാക്കപ്പെട്ട റേഷൻ കാർഡിലെ മേൽവിലാസത്തിലാണ് വോട്ടർ പട്ടികയിൽ ശ്രീനാദേവി കുഞ്ഞമ്മയുടെ പേരുണ്ടായിരുന്നത്.
വോട്ടർ പട്ടികയിൽ നിന്നും പേര് വെട്ടിയതോടെ അയോഗ്യത തടയാൻ ശ്രീനാദേവി കുഞ്ഞമ്മ നീക്കം തുടങ്ങി. കളക്ടർക്ക് അപ്പീൽ നൽകാനും ഹൈക്കോടതിയെ സമീപിക്കാനുമാണ് നീക്കം. ബന്ധുക്കളിൽ ചിലരെ ഉപയോഗിച്ചുള്ള സിപിഐയുടെ രാഷ്ട്രീയ പകപോക്കൽ ആണിതെന്നും
ശ്രീനാദേവി കുഞ്ഞമ്മ ആരോപിക്കുന്നു.
കാർഡ് ഉടമയുടെ മകൻ ശ്യാംജിത്ത് എസ് പിള്ളയാണ് വ്യാജരേഖ ചമച്ചുവെന്നാരോപിച്ച് ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ പരാതി നല്കിയത്. ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് ചേർത്തത് കാർഡ് ഉടമയുടെ ഭർതൃ സഹോദരിയുടെ മകൾ എന്ന് സൂചിപ്പിച്ചാണെന്നും എന്നാൽ കാർഡ് ഉടമയ്ക്ക് ഭർതൃസഹോദരിയോ മകളോ ഇല്ലെന്നും പരാതിയിൽ പറയുന്നത്.
കാർഡ് ഉടമ 2024 സെപ്റ്റംബർ 18ന് മരിച്ചുവെന്നും പരാതിയിലുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ ശ്രീനാദേവി കുഞ്ഞമ്മയുടെ പേരുവെട്ടാൻ അടൂർ താലൂക്ക് സപ്ലൈ ഓഫീസർ ഉത്തരവിടുകയായിരുന്നു.
Kerala
കാസർഗോഡ്: മഞ്ചേശ്വരം നിയോജക മണ്ഡലത്തിൽ വോട്ടർപട്ടികയിൽ നിന്നും പേര് നീക്കം ചെയ്യാൻ ബിജെപി അനധികൃത ശ്രമമെന്ന് പരാതി. വോട്ടർ പട്ടികയിൽ നിന്നും പേര് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി പരാതി നൽകിയ വോട്ടർമാരുമായി എ.കെ.എം. അഷ്റഫ് എംഎൽഎ അദാലത്തിനെത്തി.
ഇന്ത്യൻ പൗരനല്ലെന്ന കാരണം പറഞ്ഞാണ് കയ്യാർ കണ്ണങ്കാടിയിലെ മുഹമ്മദിന്റെ (55) വോട്ട് തള്ളാൻ അപേക്ഷ നൽകിയത്. കയ്യാർ ചെറോളിയിലെ നബീസ (75), പട്ളയിലെ മൊഹ്സീന സുനൈഫ, കൊളത്തോടിയിലെ അസ്മ, കെ.കെ. നഗറിലെ സഫിയ, സുബൈദ, ചെറോളിയിലെ കദീജത്ത് കുബ്ര എന്നിവരുടെ വോട്ടുകളാണ് സ്ഥിരമായി താമസം മാറിയെന്ന കാരണം പറഞ്ഞ് തള്ളാൻ അപേക്ഷ നൽകിയത്.
മണ്ഡലത്തിൽ വർഷങ്ങളായി സ്ഥിരതാമസമാക്കിയ ആളുടെ പേരാണ് ഇന്ത്യൻ പൗരനല്ലെന്ന കാരണം ഉന്നയിച്ച് ഫോം ഏഴിൽ പരാതി നൽകി നീക്കം ചെയ്യാൻ ശ്രമം നടക്കുന്നത്.
ഇതേ ബൂത്തിലെ വോട്ടറായ ബിജെപി ജില്ലാ സെക്രട്ടറി ലോകേഷ് നോണ്ടയാണ് ഇവരുടെ വോട്ട് തള്ളാൻ അപേക്ഷ നൽകിയതെന്ന് എ.കെ.എം. അഷ്റഫ് എംഎൽഎ പറഞ്ഞു.
Kerala
കൊച്ചി: മദ്യത്തിന് പേരും ലോഗോയും ക്ഷണിച്ച പരസ്യവുമായി ബന്ധമില്ലെന്ന് ബെവ്കോ. ഇക്കാര്യം ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ സത്യവാംഗ്മൂലം നൽകി.
പൊതുതാത്പര്യ ഹർജിയിൽ സംസ്ഥാന സർക്കാരിനും, ബെവ്കോയ്ക്കും ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു. ബെവ്കോയുടെ വാർത്താക്കുറിപ്പ് ചോദ്യം ചെയ്താണ് ഹർജി.
പരസ്യം നൽകിയിട്ടില്ലെന്നും നിലവിൽ മദ്യ ഉൽപ്പാദനത്തിൽ ഏർപ്പെട്ടിട്ടില്ലെന്നുമാണ് വിശദീകരണം. അതിനാൽ പുതിയ ബ്രാൻഡിന് പേരിടാനുള്ള മത്സരം ഉദിക്കുന്നില്ലെന്നും ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാംഗ്മൂലത്തിൽ ബെവ്കോ വ്യക്തമാക്കി.
നേരത്തെ, പാലക്കാട്ടെ മലബാർ ഡിസ്റ്റിലറീസിൽ നിന്നും പുറത്തിറക്കുന്ന ബ്രാൻഡിക്ക് ഉചിതമായ പേരും ലോഗോയും ക്ഷണിച്ചായിരുന്നു വിജ്ഞാപനം പുറത്തിറക്കിയത്. ബ്രാൻഡിക്ക് ഏറ്റവും മികച്ച പേര് നിർദേശിക്കുന്നവർക്ക് 10,000 രൂപ സമ്മാനം നൽകുമെന്നായിരുന്നു ബെവ്കോ അറിയിച്ചിരുന്നത്.
Leader Page
കാമറയ്ക്കു മുന്നിൽ മദ്യക്കുപ്പി ഒന്ന് തെളിയുകയും അതിലെ പേര് വായിക്കാൻ കഴിയും വിധം വ്യക്തമാവുകയും ചെയ്താൽ, അബ്കാരി നിയമപ്രകാരം അതൊരു പരസ്യമായി കണക്കാക്കപ്പെടും; അത് ഗുരുതരമായ ഒരു കുറ്റകൃത്യമാണ്. എന്നാൽ, പുതിയ മദ്യത്തിന് പേര് നിർദേശിക്കാൻ ജനങ്ങളെ ക്ഷണിക്കുന്നത് ഭരണപരമായ നടപടിയും.
ഒരേ വസ്തു, ഒരേ നിയമം, പക്ഷേ രണ്ടു നീതി. ഒരു കൈകൊണ്ട് ശിക്ഷാ നടപടികൾ സ്വീകരിക്കുകയും മറുകൈകൊണ്ട് വിപണന തന്ത്രങ്ങൾ മെനയുകയും ചെയ്യുന്ന വിചിത്രമായ രക്ഷാകർതൃത്വമാണ് കേരളത്തിലെ മദ്യനയത്തിൽ സർക്കാർ സ്വീകരിക്കുന്നത്. നിയമം പൗരനും ഭരണകൂടത്തിനും രണ്ട് രീതിയിലാണ് വ്യാഖ്യാനിക്കപ്പെടുന്നത് എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിത്.
കേരള അബ്കാരി നിയമത്തിലെ 55(എച്ച്) വകുപ്പ് പ്രകാരം മദ്യത്തിന്റെ പരസ്യം നൽകുന്നതോ മദ്യപാനത്തെ ഏതെങ്കിലും രീതിയിൽ പ്രോത്സാഹിപ്പിക്കുന്നതോ കുറ്റകരമാണ്. ‘നിയമവിരുദ്ധമായ പരസ്യം’ എന്ന ഗണത്തിൽ പെടുന്ന കുറ്റകൃത്യങ്ങൾക്ക് ആറു മാസം വരെ തടവോ 25,000 രൂപ വരെ പിഴയോ ആണ് ശിക്ഷ. ഇൻസ്റ്റാഗ്രാം റീലുകളിലോ വീഡിയോകളിലോ മദ്യക്കുപ്പിയുടെ ലേബൽ കാണിക്കുകയോ മദ്യം ഗ്ലാസിലേക്ക് ഒഴിക്കുന്ന ദൃശ്യങ്ങൾ ഉൾപ്പെടുത്തുകയോ ചെയ്താൽ അത് മദ്യപാനത്തിനുള്ള പ്രേരണയായി എക്സൈസ് വകുപ്പ് കണക്കാക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് അടുത്തിടെ വ്ലോഗർമാർക്കും വിദ്യാർഥികൾക്കുമെതിരേ കേസുകൾ രജിസ്റ്റർ ചെയ്തത്. അതുകൊണ്ടാണ് ബെവ്കോയുടെ നടപടി ചോദ്യം ചെയ്യപ്പെടുന്നത്.
മലബാറിലെ കശുവണ്ടിയിൽനിന്നും മറ്റും ഉത്പാദിപ്പിക്കുന്ന പുതിയ മദ്യത്തിന് അനുയോജ്യമായ പേര് നിർദേശിക്കാൻ ബെവ്കോ പൊതുജനങ്ങളോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതിനായി പ്രചാരം നൽകുകയും മികച്ച പേര് നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. സാങ്കേതികമായി ഇതൊരു മത്സരമാണെന്ന് പറയാമെങ്കിലും, ഫലത്തിൽ ഇതൊരു പരസ്യപ്രചാരണം തന്നെയാണ്. ഒരു ഉത്പന്നത്തിന് പേരിടുക എന്നത് അതിന്റെ ബ്രാൻഡിംഗിന്റെ ആദ്യപടിയാണ്. ജനങ്ങളെക്കൊണ്ട് പേര് നിർദേശിപ്പിക്കുക വഴി പുതിയൊരു മദ്യം വിപണിയിൽ വരുന്നുണ്ടെന്ന വിവരം ആയിരക്കണക്കിന് ആളുകളിലേക്ക് എത്തിക്കാൻ സർക്കാരിനു കഴിയുന്നു.
നിയമത്തിന്റെ കണ്ണിലൂടെ നോക്കിയാൽ വ്ലോഗർ ചെയ്യുന്നതും സർക്കാർ ചെയ്യുന്നതും തമ്മിൽ ഒരു വ്യത്യാസവുമില്ല. വ്ലോഗർ റീലിൽ മദ്യക്കുപ്പി കാണിക്കുമ്പോൾ അത് കാണുന്നവരിൽ മദ്യപിക്കാനുള്ള ആഗ്രഹം ഉണ്ടാകുന്നു എന്നതായിരുന്നു എക്സൈസിന്റെ വാദം. അങ്ങനെയെങ്കിൽ, പുതിയ മദ്യത്തിന് ആകർഷകമായ പേര് നിർദേശിക്കാൻ ആവശ്യപ്പെടുന്നതും അതിനെക്കുറിച്ച് വാർത്തകൾ വരുന്നതും ജനങ്ങളിൽ, പ്രത്യേകിച്ച് യുവാക്കളിൽ, ആ ഉത്പന്നം പരീക്ഷിക്കാനുള്ള കൗതുകം ഉണർത്തില്ലേ? പൗരൻ ചെയ്യുമ്പോൾ അത് മദ്യപിക്കാനുള്ള പ്രേരണയാവുകയും സർക്കാർ ചെയ്യുമ്പോൾ അത് ജനകീയ പങ്കാളിത്തമാകുകയും ചെയ്യുന്ന യുക്തിരാഹിത്യമാണ് ചോദ്യം ചെയ്യപ്പെടേണ്ടത്.
സംസ്ഥാന ഖജനാവിലേക്ക് ഏറ്റവും കൂടുതൽ വരുമാനം നൽകുന്ന മദ്യവിൽപന സുഗമമായി നടക്കേണ്ടത് സർക്കാരിന്റെ ആവശ്യമാണ്. എന്നാൽ അതേസമയം മദ്യപാനം സാമൂഹിക വിപത്താണെന്ന ബോധവത്കരണവും മറുവശത്ത് സർക്കാർതന്നെ നടത്തേണ്ടിവരുന്നു. ഈ രണ്ട് ഉത്തരവാദിത്വങ്ങളും തമ്മിലുള്ള സംഘർഷമാണ് ഇത്തരം വൈരുദ്ധ്യങ്ങളിൽ പ്രതിഫലിക്കുന്നത്.
മദ്യം വിൽക്കുന്നത് നിയമവിധേയമാവുകയും എന്നാൽ അത് ഉപയോഗിക്കുന്നത് കാണിക്കുന്നത് കുറ്റകൃത്യമാവുകയും ചെയ്യുന്ന വിചിത്രമായ അവസ്ഥ. ഒരേസമയം കച്ചവടക്കാരന്റെ ലാഭക്കണ്ണും സദാചാര പോലീസിന്റെ വടിയും കൈയിലേന്തുന്ന ഈ ‘ഇരട്ടവേഷം’ ജനാധിപത്യത്തിന് ഭൂഷണമല്ല. ജനങ്ങൾക്ക് വേണ്ടതു ഉപദേശങ്ങളല്ല, നീതിയാണ്.